"ഞാൻ കെ പി യോഹന്നാൻ ഇത് ആത്മീയ യാത്ര" എന്ന വാക്കുകൾ കേട്ട് ആണ് ഒരു തലമുറ ഉറക്കം ഉണർന്നിട്ടുള്ളത്. ഇനി ഈ വാക്കുകൾ ഇല്ല, അവസാനമില്ലാത്ത ഒരു ആത്മീയ യാത്രയ്ക്കു വേണ്ടി സ്വർഗീയ ഊർശലേമിലേക്കു കടന്നുപോയിരിക്കുന്നു. എനിക്കു ഓർമ്മയുള്ളകാലം മുതൽ KP യോഹന്നാൻ എന്ന ഈ സൂവിശേഷ പ്രഘോഷകനെ അറിയാം. പണ്ട് അവധി കാലത്തു അപ്പച്ചന്റെ അടുത്ത് വരുമ്പോൾ, വീട്ടിൽ ആത്മീയയാത്രയുടെ ബ്രോഷർകൾ അപ്പച്ചന് കിട്ടിയത് കാണും, മദ്യത്തിനും മയക്കുമരുന്നുകൾക്കും എതിരെ ഉള്ള എഴുത്തുകൾ ആകും മിക്കതും. പിന്നീട് KP യോഹന്നാൻ എന്ന മനുഷ്യനെ നേരിൽ കാണുന്നത് മാരാമൺ കൺവെൻഷന് പോകുമ്പോഴാണ്. മെലിഞ്ഞിട്ടു, താടി വളർത്തിയ, കണ്ടാൽ ഒരു CSI തിരുമേനി പോലെ ഉള്ള ഒരു വ്യക്തി. അപ്പ നിരണത്ത് അച്ചൻ ആയി എത്തിയപ്പോൾ ഒരുപാടു കേട്ടു താറാവ് കൃഷിക്കാരൻ ആയിരുന്ന, കൊമ്പൻകേരി സൺഡേസ്കൂളിലെ പുത്രൻ KPയെ പറ്റിയുള്ള കഥകൾ. പലപ്പോഴും ഞാൻ അപ്പയെയും Nettiyaden അച്ചനെയും കളിയാക്കിയിട്ടുണ്ട് നിങ്ങൾ മെത്രാപ്പോലീത്തയുടെ വികാരിമാർ ആണ് എന്ന് പറഞ്ഞു. അദ്ദേ ഹം കാണിച്ചത് പലതും ഒരു തമാശപോലെ അനുഭവപ്പെട്ടു. അദ്ദേഹത്തിൻ്റെ പട്ടത്ത്വത്തെയും പൗരോഹിത്യ വേഷങ്ങളെയുമെല്ലാം തമാശയായ് മാത്രം കണ്ടിരുന്നു. പലപ്പോഴും സംഭാഷണങ്ങളിൽ ഒരു ഹാസ്യവിഷയം ആയിരുന്നു അദ്ദേഹത്തിന്റെ രീതികൾ. എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ, ബിലീവേഴ്‌സ് സഭയുടെ ആരാധനകൾ കാണുവാൻ ഇടയായപ്പോൾ ശരിക്കും എന്ന ഞെട്ടിച്ചു ഈ മനുഷ്യൻ. ഒരു പക്കാ പൗരസ്ത്യ സഭയുടെ സകല രീതികളും പിന്തുടരുകയും, അത് വിശ്വാസികൾക്ക് പഠിപ്പിച്ചു കൊടുക്കകുയും ചെയ്‌തു ഈ സഭ പിതാവ്. അനുകരണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ പരസ്ത്യ ആരാധനാ രീതികളിലും സഭാപിതാക്കന്മാരുടെ എഴുത്തുകളെ പറ്റിയും നല്ല അറിവ് ഉള്ള പിതാവ് ആയിരുന്നു.
വേറിട്ട ഒരു മനുഷ്യൻ ആയിരുന്നു KP എന്നതിന് ഒരു തർക്കവും ഇല്ല. വേറിട്ട മാർഗ്ഗത്തിലൂടെ സൂവിശേഷം പ്രോഖോഷിച്ച ഒരു മനുഷ്യൻ. കാലം ചെയ്ത വാർത്ത ഞാൻ അമ്മയോട് പറഞ്ഞപ്പോൾ, എന്നോട് പറഞ്ഞു അമ്മയൊക്കെ ഉറക്കം എഴുന്നേറ്റത് റേഡിയോയിലെ ആത്മീയയാത്ര കേട്ട് ആണ് എന്ന ഓർമ്മ. ഇത് ആ പ്രായത്തിൽ ഉള്ള പലരുടെയും ഒരോമ്മ ആണ് എന്നത് ഒരു സത്യം ആണ്, പലരേയും ഇതിലൂടെ ദൈവത്തിലേക്ക് ആകർഷിച്ചു എന്നതും ചരിത്രം. സിലോൺ റേഡിയോയിൽ നിന്നുള്ള സരളവാക്കുകളിലുള്ള സുവിശേഷ വചനങ്ങൾ ഒരു തലമുറയെ വാർത്ത് എടുത്തു.
തിരുവല്ലയുടെ ചരിത്രം മാറ്റിഎഴുതിയ ഒരു മനുഷ്യൻ ആണ് KP എന്നതും ചരിതം, Belivers church മെഡിക്കൽ കോളേജ് സകലർക്കും ആശ്രയമായി ഇന്നും നിലകൊള്ളുന്നു. ആ ആശുപത്രിയുടെ വളർച്ചയിൽ സുപ്രധാനമായ പങ്ക് ഈ പിതാവ് വഹിച്ചിരിന്നു. ഒരു വിഷൻ ഉണ്ടായിരുന്നു അതിനു വേണ്ടി അധ്വാനിച്ചു. ഇത് ദീർഘവീക്ഷണം ഉള്ള ഒരു നേതാവിനെ വരച്ചുകാട്ടുന്നു. എനിക്കും 2തവണ ആ ആശുപത്രിയുടെ നന്മ അനുഭവിക്കുവാൻ ഇടയായി. ആ ആശുപത്രിയിൽ പോകുമ്പോൾ എന്നെ ഏറ്റവും ആകർഷിച്ചത് അവിടുത്തെ ചാപ്പൽ ആയിരുന്നു. ശരിക്കും ശാന്തത നൽകുന്ന ഒരു സ്ഥലം ആയിരുന്നു അത്. ബിലീവേഴ്‌സ് സ്കൂളും വിദ്യാഭ്യാസ മേഖലയിൽ ഒരു മാറ്റം കുറിച്ചു. കേരള ഹിസ്റ്ററി ഔട്ട്റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായി ഒരിക്കൽ ക്ലാസ്സെടുക്കാൻ ഞാൻ അവിടെ പോയി; അവർക്കുണ്ടായിരുന്ന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും പ്രശംസനീയമായിരുന്നു. ഞങ്ങൾക്ക് ലഭിച്ച ഊഷ്മളമായ ആതിഥ്യം മറക്കാൻ കഴിയില്ല.
കുട്ടനാടിന്റെ പുത്രൻ ആയ ഈ മനുഷ്യൻ പരിസ്ഥിതി സ്നേഹത്തെ പറ്റി വാചാലനായില്ല, പ്രബന്ധങ്ങളോ, ലേഖനങ്ങളോ എഴുതിയില്ല, നല്ല ഒരു കർഷകനായി മാതൃകകാട്ടി. മറ്റു സഭകളും ആയി നല്ല സൗഹൃദം KP സൂക്ഷിച്ചിരുന്നു, ഈ ഉഷ്മളബന്ധത്തിനു ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വ്യത്യാസങ്ങൾ വിഭജനത്തിനു കാരണം ആകുന്ന ഈ കാലത്തിൽ തന്നെ കുറ്റപ്പെടുത്തുന്നവർക്കും ഒരു വറ്റു പങ്കിട്ട മനുഷ്യൻ ആണ് KP
മനുഷ്യരുടെ നന്മക്കും, ദൈവനാമം മഹത്വത്തിനും വേണ്ടി ഓട്ടം ഓടിയ ഒരു മനുഷ്യൻ ആയിരുന്നു മോറാൻ മോർ അത്തനേഷ്യസ് യൂഹാൻ മെത്രാപ്പോലീത്ത. സമാധാനത്താലേ പോക

Comments
Post a Comment