നക്ഷത്രങ്ങൾ നൃത്തം ചെയ്യാതെ പൂക്കൾ വിടരാതെ വേദനയെ പേനയിൽമഷിയായി നിറച്ച് മായാജാലം കാട്ടിയ വിപ്ലവകാരി. പ്രണയത്തെയും കലാപത്തെയും ഒരുപോലെ സ്നേഹിച്ച ഒരു മനുഷ്യൻ. പ്രേമത്തിൽ തോറ്റു മരണം വരെ കലാപം തുടർന്നു. ഒരു സഞ്ചാരിയായ കവി. ഇതുപോലെ അനേകം വർണ്ണനകൾ നൽകാം എ.അയ്യപ്പൻ എന്ന മലയാള ഭാഷ അറിഞ്ഞോ അറിയാതെയോ മറന്ന പോയ ഈ എഴുത്തുകാരന്.
ഈ സാധു മനുഷ്യന് പുസ്തകങ്ങളുടെ പെരുമ കാണിക്കാൻ മാത്രം എഴുതിയിട്ടില്ല. എന്നാൽ ഹൃദയസ്പർശിയായ വരികൾ കവിതയായി കുറിച്ച് ജീവൻവെടിഞ്ഞു അനാഥനായി റോഡിൽ കിടക്കുമ്പോഴും കൈയിൽ ഒരു കവിത ഉണ്ടായിരുന്നു, “അമ്പ് ഏതു നിമിഷവും മുതുകിൽ തറയ്ക്കാം പ്രാണനും കൊണ്ട് ഓടുകയാണ്....."അയ്യപ്പന്റെ കവിതകൾ ഹൃദയസ്പർശിയായതിനു കാരണം, അദ്ദേഹം എഴുതിയത് പച്ചയായ ജീവിതം ആണ്. ലഹരിയെ സുഹൃത്താക്കിയ ഒരു മനുഷ്യൻ എഴുതിയ കവിതകൾ ലഹരിപിടിപികുന്നതായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭാവി ആയിരുന്നു എങ്കിലും പിന്നീട് ആ പ്രസ്ഥാനം അദ്ദേഹത്തെ തള്ളി പറഞ്ഞു. ONV, സുകുമാർ അഴിക്കോട് തുടങ്ങിയവരുടെ സമകാലികനാണെങ്കിലും, മലയാള സാഹിത്യ ലോകം ഈ കവിയെ മറന്നു, ഒരു അരാചകവാദി എന്ന് ചാപ്പകുത്തി. എന്നാൽ ഈ കവി കണ്ട അരാജക സമൂഹത്തിൽ അദ്ദേഹം സ്നേഹം മാത്രമേ കണ്ടൊള്ളു എന്നതാണ് സത്യം. സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, വിപ്ലവത്തിന്റെ ഒരു സ്വപ്നസുന്ദര സമൂഹം.
മാഷെ, സ്വപ്നത്തിൽ ജീവിക്കുന്ന ഇന്നിന്റെ മനുഷ്യർ പച്ചയായ ജീവിതത്തെ ഉൾകൊള്ളുവാൻ ഭയക്കുന്നത് കൊണ്ട് ആണ്, നക്ഷത്രങ്ങളും, പൂക്കളും ഒക്കെ അന്വേഷിച്ചു പോയി ജീവിതത്തോട് മുഖം തിരിക്കുന്നത്.
സ്രാമ്പിക്കൻ

Comments
Post a Comment